നേരം ഇരുട്ടി തുടങ്ങി ......സമയം 6 മണി ആകുന്നെ ഉള്ളു ....സൂര്യനു പണ്ടത്തെ പോലെ അത്ര ശുഷ്കാന്തി ഒന്നുല്യാ.....കൃത്യ സമയത്ത് അല്ലെങ്കില്‍ സ്വല്‍പ്പം നേരത്തെ ആശാന്‍ മുങ്ങുന്നു ....അങ്ങേര്‍ക്കും മടുത്തു എന്ന് തോന്നുന്നു .അങ്ങനെയുള്ള കാര്യങ്ങളല്ലേ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നെ ..എത്രയും കൂടുതല്‍ സമയം എല്ലാവരെയും ഉറക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത് എന്ന് ആള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം ......
ചാരുകസേരയില്‍ ആകാശത്തേക്ക് നോക്കി അങ്ങനെ മലര്‍ന്നു കിടക്കാന്‍ നല്ല രസമാണ് .നക്ഷത്രങ്ങള്‍ ഒന്നും കാണാനില്ല .ആകാശം ഒരു മഴയ്ക്ക് വേണ്ടി തയ്യാര്‍ എടുക്കുന്നത് പോലെ തോന്നി .അതെ ചെറിയ ചെറിയ മഴത്തുള്ളികള്‍ മുഖതേക്ക് പതിച്ചു തുടങ്ങി .കസേരയും എടുത്തു പതുക്കെ ഉമ്മറത്തേക്ക് നീങ്ങി .മഴ പതുക്കെ ശക്തി പ്രാപിച്ചു തുടങ്ങി .........
കൃഷ്ണാ ഗുരുവായൂരപ്പാ ..........മുത്തശ്ശി നാമം ജപിക്കുന്ന ശബ്ദം ആണ് വയസ്സ് 80 കഴിഞു ആള്‍ക്ക് .ഇപ്പോഴും നല്ല ആരോഗ്യാണ്. ചിട്ടയോടെയുള്ള ജീവിതാണ് ഇപ്പോഴും പാടത്തും പറമ്പിലും ഒക്കെ ഓടി നടക്കും .മഴ പെയ്യുന്നത് കണ്ടിട്ടാവണം നാമജപം മതി ആക്കി മുത്തശ്ശി എന്റെ അടുത്ത് വന്നിരിപ്പായി .ഇതിപ്പോ എന്താ ഇങ്ങനെ ഒരു മഴ .ഇത് മകരമാസം ആണ് കുട്ട്യേ .മകരത്തില്‍ മഴ പെയ്താല്‍ മരുന്നിനു പോലും ഒന്നും കിട്ടില്യാന്ന പഴമക്കാര്‍ പറയാ .മുത്തശ്ശി പറയണത് ശരി ആണ് .ഇപ്പൊ എല്ലാം ഇങ്ങനെ ആണ് .പ്രകൃതിയുടെ ഒരു താളം നഷ്ടപെട്ടിരിക്കുന്നു ............
ഇന്ന് നമ്മുടെ തെക്കേലെ ശ്രീധരന്‍ വന്നിരുന്നു ഇവിടെ , ആര് നമ്മുടെ ബ്രോക്കര്‍ ശ്രീധരന്‍ ആണോ .......അതെ .....മുത്തശ്ശി തുടര്ന്നു ..... നമ്മുടെ നിലം കൊടുക്കുന്നുണ്ടോ എന്നറിയണം .പൊന്നും വില തരാന്നാ ശ്രീധരന്‍ പറയണേ ഏതോ കമ്പനി അവിടെ വീട് കെട്ടാന്‍ പോകുന്നുത്രേ , നമ്മടെ നിലം മാത്രല്ല ചുറ്റുമുള്ളതെല്ലാം ചോദിച്ചിട്ടുണ്ടെന്ന കേള്‍ക്കണേ എന്തായാലും ഞാന്‍ കൊടുക്കില്ല കൃഷി അത്ര ലാഭം ഒന്നും അല്ലച്ചാലും സ്വന്തം വീട്ടിലെക്കുള്ളതിനു ആരെയും ആശ്രയിക്കണ്ടല്ലോ , വിജയനും (അയല്‍വാസി ആണ് ) അങ്ങനെ തന്യാ പറഞ്ഞെ .എല്ലാ സ്ഥലവും ഇങ്ങനെ മണ്ണിട്ട് നികത്തിയാല്‍ പിന്നെ അരിക്ക് നമ്മള്‍ എവിടെയാ പോകാ...........
അത് പറഞ്ഞപോഴാ നമ്മുടെ വിജയന്‍റെ ഇളയ കുട്ടില്ലേ എന്താ പേര് ഞാന്‍ മറന്നു.ഇപ്പോളത്തെ പേരൊന്നും ഓര്‍ക്കാന്‍ കൂടി പറ്റണില്ല ........
സ്മൃതി എന്നല്ലേ മുത്തശ്ശി
അത് തന്നെ അവള് മിടുക്കി കുട്ടിയാ പാട്ടും ഡാന്‍സും ഒക്കെ ഉണ്ട് ന്നാ കേട്ടെ നന്നായി പഠിക്കും ചെയ്യും ഇന്നിവിടെ വന്നിരുന്നു അവള് ടിവിയില്‍ ഒരു പരിപാടി ഉണ്ട് ത്രെ .തിരുവനതപുരം പോണം ന്നാ പറഞ്ഞെ ....എന്റെ അനുഗ്രഹം മേടിക്കാന്‍ വന്നതാ .ലക്ഷിമിയോടു (സഹോദരി ) ഫോണില്‍ എന്തോ ഒരുട്ടം ചെയ്യണം ന്നും പറയണത് കേട്ടു എനിക്ക് മനസ്സിലായില്ല ..........
അത് ' SMS ' ആണു മുത്തശ്ശി .എന്തെങ്കിലും ആവട്ടെ .....അവള് നല്ല കുട്ടിയാ. പറ്റൂച്ചാ നീയും ഒന്ന് ചെയ്തോളു .നിന്റെ കയ്യിലും ല്ലേ ഫോണ്‍ . പറയണത് കേള്‍ക്കുണ്ടോ നീയ് ............
ആ ........അയക്കാം
ആ മൂളല്‍ അത്ര രസിക്കാത്തത് കൊണ്ടാവണം മുത്തശ്ശി പതുക്കെ അകത്തേക്ക് നടന്നു .ആ പോക്ക് ഭക്ഷണത്തിനുള്ള പോക്കാണ് .എന്റെ ശ്രദ്ധ വീണ്ടും മറ്റെങ്ങോട്ടോ പോയി ...
ദെ ചോറ് വിളമ്പി വച്ചിട്ടുണ്ടുട്ടോ . ലക്ഷ്മി ഏടത്തിയുടെ വിളി ആണ് മുത്തശ്ശിയുടെ കൂടെ എന്റെ കഴിക്കലും കൂടി അങ്ങ് കഴിഞ്ഞാല്‍ ഒരു സീരിയല്‍ അല്ലെ പോകു സീരിയല്‍ ആള്‍ക്ക് ഒരു വീക്നെസ് ആണ് .ഒരെണ്ണം പോലും വിടാതെ കണ്ടു കളയും.
മഴ സാമാന്യം തരകേടില്ലാതെ തന്നെ പെയ്തിട്ടുണ്ട് , റോഡില്‍ വെള്ളച്ചാല്‍ രൂപം കൊണ്ടിട്ടുണ്ട് . മുറ്റത്തും അങ്ങിങ്ങായി വെള്ളം കെട്ടി കിടക്കനുണ്ട്.തെളിഞ്ഞ ആകാശത്തു ത്രിമൂര്‍ത്തികള്‍ എത്തിയിട്ടുണ്ട് .41 ദിവസം തുടര്‍ച്ചയായി കണ്ടാല്‍ വിചാരിച്ച കാര്യം ന്ടക്കുന്നാ മുത്തശ്ശി പറയാറ്.ഇതിപ്പോ ഇരുപത്തി അഞ്ചാമത്തെ ദിവസം ആയി .എത്ര തവണ ശ്രമിച്ചിട്ടും മുഴുമിക്കാന്‍ പറ്റീട്ടില്ല ഇത് വരെ .ചില ദിവസം അത് മറന്നു പോകും .വിശ്വാസം ഉണ്ടായിട്ടൊന്നും അല്ലാട്ടോ വെറുതെ ഒരു രസം അത്രേ ഉള്ളു........
കുട്ടാ ................എത്ര നേരായി എന്നറിയോ ചോറ് വിളമ്പി വച്ചിട്ട് നീ എന്താ അവിടെ ചെയ്യണേ മഴ പെയ്തതാ ഇഴ ജന്തുക്കള്‍ ഒക്കെ കാണും പുറത്ത്......ലക്ഷ്മി ഏടത്തിയുടെ സ്വരം ഇത്തിരി കനത്തിട്ടുണ്ട്.അടുത്ത ഒരു വിളിക്ക് ചാന്‍സ് ഉണ്ടാക്കുന്നത് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി കൊണ്ട് മനസ്സില്ല മനസ്സോടെ ആണെങ്കിലും അകത്തേക്ക് നടന്നു .ചീവീടുകള്‍ അപ്പോഴും എന്നെ വിളിക്കുണ്ടായിരുന്നു ....................