ട്ടോ .....വാതിലില്‍ ഉള്ള ശക്തമായ മുട്ടല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത് . അമ്മയാണ്
" പോണില്ലേ നീ ഇന്ന് ,സമയം എത്ര ആയീന്നാ വിചാരം ഞാന്‍ എത്രാമത്തെ പ്രാവശ്യ നിന്നെ വിളിക്കണേ എന്നറിയോ , ഇനിപ്പോ ട്രെയിന്‍ കിട്ടൂന്ന് എനിക്ക് തോന്നുന്നില്ല ,പാതിര വരെ കമ്പ്യൂട്ടര്‍ ന്റെ മുന്പില് ഇരിക്കും എന്നിട്ട് കാലത്ത് എഴുന്നേല്‍ക്കാനും പറ്റില്ല " . കാലത്ത് തന്നെ അമ്മയുടെ കയ്യില്‍ നിന്ന് മേടിച്ചു കൂട്ടിയപ്പോ സന്തോഷായി ....... മൊബൈല്‍ എടുത്തു സമയം നോക്കി ...4 .45 ... ചാടി എഴുന്നേറ്റു ........ 15 മിനിറ്റ് കൊണ്ട് കലാ പരിപാടികള്‍ ഒക്കെ കഴിച്ചു വീട്ടില്‍ നിന്നിറങ്ങി " കുട്ടിയെ അവിടെ എത്തിയാല്‍ വിളിക്കണം ട്ടോ " വിളിക്കണം എന്ന് അമ്മ ഉദേശിച്ചത് missed call അടിക്കണം എന്നാന്നു.ലാന്‍ഡ് ഫോണില്‍ missed കാള്‍ അടിക്കണ ആകെ ഒരു പുലി ഞാന്‍ മാത്രം ആണെന്ന തോന്നണേ .....
ഹോ എന്തൊരു തണുപ്പ് ....വൃശ്ചികമാസാണ്.അമ്മ ഉണ്ടാക്കി തന്ന ചൂട് കട്ടന്‍ ചായ കൊണ്ടൊന്നും ഇപ്പൊ പിടിച്ചു നിലക്കാന് പറ്റുന്നില്ല ....പാടം കേറി ഗോപാലേട്ടനെ വീട് എത്തി .ഗോപാലേട്ടന് മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു ച്ചാലും അവിടെ എത്തിയാല്‍ ഇപ്പോളും ഒരു പേടി ആണ് . അതിനു കാരണം മതിലിന്റെ തോട്ട അടുത്ത് തന്നെ ആണ് ഗോപാലേട്ടനെ ദഹിപ്പിചിരിക്കണേ. അവിടെ എത്തിയാല്‍ മുഖം മനസ്സില്‍ തെളിയും കുട്ടാ എന്ന് വിളിക്കണ പോലെ.പിന്നെ അങ്ങോട്ട് മണിച്ചിത്രതാഴില്‍ ഇന്നസെന്റെട്ടന്‍ നടക്കണ മാതിരി ഒരു നടത്താണ്. പോയ വഴിയില്‍ പുല്ലു പോലും മുളക്കില്യ.
സ്റ്റേഷന് എത്തി .തിങ്കളാഴ്ച ആയതു കൊണ്ടാവണം സാമാന്യം നല്ല തിരക്കുണ്ട് .പാസ്സിഞ്ചര്‍ ട്രെയിന്‍ മാത്രം നിര്‍ത്തുന്ന ഈ സ്റ്റേഷനില്‍ ഇത്ര തിരക്ക് കാണുന്നത് ഈ തിങ്കളാഴ്ച മാത്രം .രാജീവേട്ടനും മോഹനേട്ടനും രവിയേട്ടനും ചര്‍ച്ച തുടങ്ങി കഴിഞു .എല്ലാരും government employees ആണ് .പാസ്സിഞ്ചര്‍ ട്രയിനിലെ സ്ഥിരം യാത്രക്കാര്‍ . ഇന്ന വിഷയം എന്നൊന്നും ഇല്ല്യ ചര്‍ച്ച ചെയ്യാന്‍ , ഭൂമിക്കു കീഴിലുള്ള എന്തിനെ പറ്റിയും.തിങ്കളാഴ്ചകളില്‍ ഞാനും കൂടും. പത്ര വായന , ന്യൂസ് കാണല്‍ അങ്ങനത്തെ ദുശീലങ്ങള്‍ ഒന്നും ഇല്യാത്തത് കൊണ്ട് മിക്കവാറും കേള്വിക്കാരന് ആയി നില്‍ക്കാറാണ് പതിവ് . ഇന്ന് ആഗോള സാമ്പത്തിക മാധ്യം ആണ് വിഷയം . മോഹനേട്ടന് ആധികാരികമായി എന്തൊക്കെയോ പറയുന്നുണ്ട് .അപ്പോളാണ് ഇന്നലെ ചാനല്‍ മാറ്റി കളിക്കുമ്പോള്‍ നമ്മുടെ ഇന്ത്യ വിഷന്‍ ചാനല്‍ ഇല്ലെ അതിലെ നികേഷേട്ടന് പറഞ്ഞ ഒരു dialog ഓര്മ വന്നെ ..സംശയിച്ചില്ല എടുത്തങ്ങു കാച്ചി ..അസ്ഥാനത്തായി പോയി .കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാരും കൂടി എന്റെ മെക്കട്ടക്ക്.ആന ന്നു പറയുമ്പോ ചേന ന്നു പറഞ്ഞോളുട്ടോ . ഞാന്‍ പിന്നെ ഒരക്ഷരം മിണ്ടിയില്ല . au\w മന്ദന്‍ ഭൂഷണം എന്ന് അഴിക്കോട് മാഷ് പറഞത് അക്ഷരം പ്രതി ശരി ആണെന്ന് ബോധ്യായി
വാണിംഗ് ബെല്‍ അടിച്ചു ....വണ്ടി വടക്കാഞ്ചേരി (തൊട്ടടുത്ത സ്റ്റേഷന് ) വിട്ടിട്ടുണ്ട് . ചര്‍ച്ച നിര്‍ത്തി എല്ലവരും മുന്‍പിലത്തെ compartment ലക്ഷ്യാക്കി നടന്നു .പോകുന്ന വഴിക്ക് എനിക്കിട്ടൊരു താങ്ങ് താങ്ങാനും മോഹനേട്ടന് മറന്നില്ല . " സൂക്ഷിച്ചോ ട്ടാ കുട്ടാ ഈ സോഫ്റ്റ്വെയര് field ഒന്നും വിശ്വസിക്കാന്‍ പറ്റില്യാ ,എന്നാ അടച്ചു പൂട്ടണെ എന്ന് ദൈവത്തിനു മാത്രം അറിയാം " . ട്രെയിന്‍ കേറി ഒരു സൈഡ് സീറ്റ് തന്നെ ഒപ്പിച്ചു .വണ്ടി നീങ്ങി തുടങ്ങിയപ്പോഴേക്കും എല്ലാവരും സൈഡ് ആയി കൂര്‍ക്കം വലി തുടങ്ങി . സ്ഥിരം യാത്ര അല്ലെ അവര്‍ക്ക് അതൊരു ശീലായി ....എനിക്കാണേല്‍ ഉറക്കവും വരുന്നില്ല, ഇനിയിപ്പോ മോഹനേട്ടന് പറഞ്ഞത് സംഭവിക്കോ ....മനുഷ്യന്മാരുടെ മനസമാധാനം കളയാന്‍ ഇങ്ങേര്‍ക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ . ഈശ്വര പണി പോകോ " ഹേയ് never " .ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു .ട്രെയിന്‍ തൃശൂര്‍ എത്തി .സാമാന്യം നല്ല തിരക്കുണ്ട് . കമ്പാര്‍ട്ട്മെന്റില്‍ നില്ക്കാന് കൂടി സ്ഥലം ഇല്ല്യ .ലേഡീസ് കമ്പാര്‍ട്ട് മെന്റ് ഫുള്‍ ആയതു കൊണ്ടാവണം ഇന്ന് കുറെ സുന്ദരികള്‍ കേറിയിട്ടുണ്ട് .ലേഡീസ് കമ്പാര്‍ട്ട് മെന്റിന്റെ തൊട്ടടുത്ത കമ്പാര്‍ട്ട് മെന്റില്‍ കേറുന്നത് കൊണ്ട് ഇങ്ങനെയും ഒരു ദുരുദേശ്യം ഉണ്ടേ ....
ഹോ ഇപ്പോളാണ് മനസ്സ് ഒന്ന് സന്തോഷായെ. വായനോട്ടത്തില്‍ PhD മ്മള് പണ്ടേ എടുത്തിട്ടുണ്ടേ .
കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം അവസാനിച്ചത് ഒരു വെള്ള ചുരിദാര്‍ ഇട്ടു നെറ്റിയില്‍ ചന്ദന കുറിയൊക്കെ തൊട്ട് നില്ക്കുന്ന ഒരു ശാലീന സുന്ദരിയില്‍ . അതിസുന്ദരി ഒന്നും അല്യച്ചാലും കാണാന്‍ ഒരു N´w ണ്ട് . എന്ക്കിഷ്ടായി . ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ ആ സാധനം തന്നെ . അവളുടെ കണ്ണുകള്‍ക്ക് എന്തോ ഒരു മാസ്മരിക ശക്തി ഉള്ളത് പോലെ. എനിക്കുറങ്ങാന്‍ പറ്റണില്ല ...എന്തായാലും student അല്ല .ജോലിക്കാരി ആണ് കയ്യിലെ ബാഗ് കണ്ടാല്‍ അറിയാം .എവിടെയാണോ ആവൊ വര്‍ക്ക് ചെയ്യുന്നേ ചോദിച്ചാലോ ...അല്ലെങ്കില്‍ വേണ്ട ഫസ്റ്റ് ഡേ തന്നെ ചോദിച്ചു കുളമാക്കണ്ട. എവിടെയോ വച്ച് കണ്ടു മറന്ന മുഖം (ഇതൊക്കെ ഏതു പെണ്‍കുട്ടിയെ കണ്ടാലും തോന്നാറുള്ളതാണെങ്കിലും) എന്നാലും ഇത് അങ്ങനെ അല്ലാട്ടോ ...
"ഇവളല്ലേ എന്റെ സ്വപ്നത്തില്‍ സ്ഥിരം വരാറുള്ള ആ സുന്ദരി "
"ഇവളല്ലേ ഏതോ അടുക്കളയില്‍ പുകയും ചൂടും കൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്ന് പ്രശാന്ത് (എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ) പറയാറുള്ള ആ പെണ്‍കുട്ടി "
"ഇവളല്ലേ കുഞ്ഞന്‍ പണിക്കര്‍ ഗണിച്ചു ഇങ്ങോട്ട് തേടി വരും എന്ന് പറഞ്ഞ ആ പെണ്‍കുട്ടി "
ചിന്തകള്‍ അങ്ങനെ കാട് കയറി പോയി ......അതെ ചുട്ടു പൊള്ളി കിടക്കുന്ന ഈ മരുഭുമിയിലേക്ക് ഒരു മഴയ്ക്ക് വേണ്ടി ഞാന്‍ ഏത്ര നാളായി കാത്തിരിക്കുന്നു ....എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മോഹനേട്ടന്റെ dialog "ഇറങ്ങുന്നില്ലേ നീയ് ". ഹോ ട്രെയിന്‍ ഏറണാകുളം എത്തിയത് അറിഞ്ഞേ ഇല്ല.അവളും കൂട്ടുകാരികളും ഇറങ്ങി . ഈ ട്രെയിനിനു ഇത്ര സ്പീഡോ ...ഡ്രൈവറെ തെറി വിളിച്ചു കൊണ്ട് ഞാനും ഇറങ്ങി .അവളെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിന്നു പോണില്ല . അടുത്ത തിങ്കളാഴ്ച ആവാന്‍ ഞാന്‍ കുറച്ചു പാട് പെട്ടു. എണ്ണി എണ്ണി കാത്തിരുന്ന ആ ദിവസം സമാഗതമായി .ട്രെയിന്‍ തൃശൂര്‍ എത്തി . ഇന്ന് എന്തായാലും അവളോട് രണ്ടു വാക്ക് സംസാരിക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു എന്റെ കണ്ണുകള്‍ അവള്‍ക്കു വേണ്ടി പരതി.
എന്റെ ഭാഗ്യത്തിന് ഇത്തവണയും ലേഡീസ് കമ്പാര്‍ട്ട് മെന്റ് ഫുള്‍ . ഇശ്വരന് എന്റെ കൂടെയാ. ദാ വരുന്നു അവളുടെ കൂട്ടുകാരികള്‍ . അവളെവിടെ .....ഹോ പിന്നിലുണ്ട് മഞ്ഞ ചുരിദാര്‍ ആണ് ഇന്ന് വേഷം . അടുത്ത് വന്നതും ഞാന്‍ ഞെട്ടി ..ഒറ്റ നോട്ടെ അവളുടെ മുഖത്തേക്ക് നോക്കിയുള്ളൂ . തല കറങ്ങുന്ന പോലെ . രണ്ടു കൈ കൊണ്ട് കണ്ണ് തിരുമ്പി പിന്നെയും നോക്കി ...ഹോ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല ............" നിറുകയിലെ ആ സിന്ദൂരം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു " ഇവള്‍ക്ക് വേണ്ടി ആണല്ലോ ഈശ്വര ഞാന്‍ ഇത്ര ദിവസം ഉറക്കം കളഞ്ഞേ , ഇവള്‍ക്ക് വേണ്ടി ആണല്ലോ ആ പാവം ട്രെയിന്‍ ഡ്രൈവറെ വരെ തെറി വിളിച്ചേ . "
"ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ "